പടന്നക്കാട്ടും കാഞ്ഞങ്ങാട്ടും മാലപറിച്ച കേസിനും പ്രതികളെ വ്യക്തമായി

കാഞ്ഞങ്ങാട്(www.klive.in): മോട്ടോര്‍ സൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്നും മാലപറിച്ചെടുത്ത് രക്ഷപ്പെടുന്നതിനിടയില്‍ ബേക്കല്‍ പോലീസിന്റെ പിടിയിലായ കുപ്രസിദ്ധ പിടിച്ചുപറി സംഘത്തിലെ രണ്ടുയുവാക്കള്‍ ഹോസ്ദുര്‍ഗില്‍ നടന്ന രണ്ടുപിടിച്ചുപറിക്കല്‍ കേസുകളിലും പ്രതികളാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിനും തൊണ്ടിമുതലുകള്‍ കണ്ടെത്തുന്നതിനുമായി കോടതി ഹോസ്ദുര്‍ഗ് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.
കര്‍ണ്ണാടക കുടക് മൂര്‍നാട് മുത്താര്‍മുടിയിലെ സുരേഷിന്റെ മകന്‍ ജഗത്ബപ്പണ്ണ (19), മംഗലാപുരം ബൈക്കംപാടി എന്‍.എം.പി.ടി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആനന്ദിന്റെ മകന്‍ വിജയാനന്ദ് എന്ന വിജയ് (22) എന്നിവരെയാണ് ഒരു ദിവസത്തേക്ക് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി(ഒന്ന്) ഹോസ്ദുര്‍ഗ് പോലീസിന് കസ്റ്റഡിയില്‍ നല്‍കിയത്.
കഴിഞ്ഞ ഏപ്രില്‍ മൂന്നിന് പടന്നക്കാട് മേല്‍പ്പാലത്തിനരികിലൂടെ നടന്നുപോവുകയായിരുന്ന പുതുക്കൈയിലെ ചിത്രയുടെ കഴുത്തില്‍ നിന്നും രണ്ടരപവന്‍ തൂക്കമുള്ള താലിമാലയും കഴിഞ്ഞമാസം 5 ന് കാഞ്ഞങ്ങാട് ദുര്‍ഗാഹൈസ്‌കൂളിന് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന ഉദയംകുന്നിലെ ഉഷയെന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും നാലുപവന്റെ താലിമാലയും പറിച്ചെടുത്ത് രക്ഷപ്പെട്ടത് ഈ പ്രതികളാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഹോ സ്ദുര്‍ഗ് പോലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ മാസം 25 നാണ് പ്രതികള്‍ സ്ത്രീയുടെ കഴുത്തില്‍ നിന്നും മാലപറിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ബേക്കല്‍ പോലീസിന്റെ പിടിയിലാവുന്നത്. ചോദ്യം ചെയ്യലില്‍ നീലേശ്വരത്തെ രണ്ടും ഹോസ്ദുര്‍ഗിലെ രണ്ടും അമ്പലത്തറ, ബേക്കല്‍ എന്നീ സ്റ്റേഷന്‍ പരിധികളിലെ ഒന്നും വീതവും പിടിച്ചുപറിക്കല്‍ നടത്തിയത് തങ്ങളാണെന്ന് പോലീസിനോട് സമ്മതിക്കുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം നീലേശ്വരം പോലീസ് ഇവരെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

SHARE