25 രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 30 യാത്രാബ്ലോഗര്‍മാര്‍ ഇന്ന് ബേക്കലിൽ പട്ടം പറത്തും;കേരളത്തിന്റെ തനത് കലാരൂപങ്ങളും മൂസശരീഫിന്റെ ബീച്ച്‌ ഡ്രൈവിങ്ങും മേളയെ കൊഴുപ്പിക്കും.

കാസർകോട്(www.klive.in): കേരളത്തിന്റെ വശ്യസൗന്ദര്യം നുകരാന്‍ കേരളത്തിലെത്തിയ 25 രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 30 യാത്രാബ്ലോഗര്‍മാര്‍ ഏപ്രില്‍ രണ്ട് ഞായറാഴ്ച ബേക്കലിന്റെ വാനില്‍ പട്ടം പറത്തും. മെയ് അഞ്ച്, ആറ്, ഏഴ് തീയ്യതികളില്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട്, ജില്ലാ ഭരണകൂടത്തിന്റെയും ബി ആര്‍ഡി സി യുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയുടെ ഭാഗമായാണ് ബേക്കലില്‍ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വിദേശ ബ്ലോഗര്‍മാര്‍ പട്ടം പറത്തുന്നത്.

കഴിഞ്ഞ വര്‍ഷം നടത്തിയ ബേക്കല്‍ പട്ടം പറത്തല്‍ മേള ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇത്തവണ ചൈന, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നും ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രശസ്ത ടീമുകള്‍ക്ക് പുറമേ കൊച്ചിയിലെ എ പി ജെ അബ്ദുല്‍കലാം കൈറ്റ് ടീം, അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വണ്‍ഇന്ത്യാ കൈറ്റ് ടീമും പട്ടം പറത്തല്‍ മേളയില്‍ പങ്കെടുക്കും.
ഈ വര്‍ഷം മുതല്‍ മലബാര്‍ കൈറ്റ് ഫെസ്റ്റ് എന്ന പേരിലാണ് അറിയപ്പെടുക. സഞ്ചാരികളെ ബേക്കലിലേക്ക് കൂടുതല്‍ ആകര്‍ഷിപ്പിക്കുന്നതിന് വേണ്ടി പട്ടം പറത്തലിനു പുറമേ കഥകളി, ശിങ്കാരിമേളം, കളരി പയറ്റ്, കോല്‍ക്കളി, ഒപ്പന, മാര്‍ഗംകളി തുടങ്ങിയ കേരളത്തിന്റെ തനത് കലാരൂപങ്ങളും ഗാനമേള, ഗസല്‍ സംഗീതം, യുവാക്കള്‍ക്കായി പ്രശസ്ത കാറോട്ടക്കാരന്‍ മൂസ ശരീഫിന്റെ നേതൃത്വത്തില്‍ ബീച്ച്‌ ഡ്രൈവിങ്ങും ഇപ്രാവശ്യത്തെ മേളയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

വിനോദ സഞ്ചാരമേഖലയ്ക്കു ഉണര്‍വേകുന്നതിനായി കേരളാ ടൂറിസം വകുപ്പ് 2014ല്‍ ആരംഭിച്ച കേരള ബ്ലോഗ് എക്സ്പ്രസ് ഇതിനോടകം ആഗോള ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ വിപണി നേടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്. തലസ്ഥാന നഗരി മുതല്‍ കാസര്‍കോട് വരെയുള്ള യാത്രയിലൂടെ ബ്ലോഗര്‍മാര്‍ക്ക് കേരളത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കുന്നതിനും തനതു കലാരൂപങ്ങളെ നേരിട്ടു മനസിലാക്കുന്നതിനും അവസരം ലഭിച്ചു

SHARE