വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ സമയം അപഹരിക്കുന്ന ഹാൻഡ് ബാഗുകളിലെ ടാഗിൽ സീൽ പതിക്കുന്ന പരിപാടി നിർത്തുന്നു.

ന്യൂഡൽഹി(www.klive.in): വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ സമയം അപഹരിക്കുന്ന ഹാൻഡ് ബാഗുകളിലെ ടാഗിൽ സീൽ പതിക്കുന്ന പരിപാടി നിർത്തുന്നു. കൊച്ചിയടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്.എഫ് ആണ് ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തര യാത്രക്കാരുടെ ഹാൻഡ് ബാഗുകളിലെ ടാഗിൽ സീൽ പതിക്കുന്നതാണു നിർത്തുന്നത്. കൊച്ചിക്കു പുറമെ ഡൽഹി, മുംബൈ, കൊൽക്കത്ത,ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ ഇത് നിലവിൽ വരും.
ടാഗുകളിൽ സീൽ പതിക്കുമ്പോൾ സമയം നഷ്ടപ്പെടുന്നതായി പരാതി വ്യാപകമായതിനാലാണ് പുതിയ നടപടി.
എന്നാൽ ബാഗേജ് സ്‌കാനും മറ്റ് സുരക്ഷാ പരിശോധനകളും തുടരും. ടാഗിൽ സീൽ പതിക്കില്ല എന്നത് മാത്രമാണ് വ്യത്യാസം.
പരിശോധനയുടെ ഭാഗമായി ആരുടെയെങ്കിലും ബാഗ് തുറന്ന് പരിശോധിക്കേണ്ടി വന്നാൽ ക്യൂവിൽ നിൽക്കുന്ന മറ്റുള്ളവർ സീലിനായി ഏറെ കാത്തിരിക്കേണ്ടി വരാറുണ്ടായിരുന്നു. ഇനി മുതൽ ബാഗേജ് സ്‌കാൻ കഴിഞ്ഞാൽ സീൽ ആവശ്യമില്ലാത്തതിനാൽ അത്തരം കാത്തിരിപ്പ് വേണ്ടി വരില്ല. ഡിസംബറിൽ പരീക്ഷണ ഘട്ടമെന്ന നിലയിൽ പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കിട്ടി സീലടി പുനഃസ്ഥാപിക്കുകയായിരുന്നു.

SHARE