സിംഹത്തിന്റെ പുറത്ത്‌ കയറിവരണമെന്നായിരുന്നു ആഗ്രഹം;മോഹം നടക്കാത്തതുകൊണ്ട് കൂട്ടിലടച്ച സിംഹത്തിന്റെ പുറത്താക്കി യാത്ര;ശതകോടികള്‍ മുടക്കി നടന്ന ഒരു പാക്കിസ്ഥാനി കല്യാണത്തിന്റെ കഥ(വീഡിയോ)

കറാച്ചി(www.klive.in): വിവാഹവേദിയിലേക്ക് സിംഹപ്പുറത്തുവരണമെന്നായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ ആഗ്രഹം. അത് ഭാഗീകമായെങ്കിലും നടപ്പിലാക്കാൻ ഷെയ്ഖിന്റെ അച്ഛൻ തയ്യാറായി. സിംഹത്തെ കൂട്ടിലടച്ച് വിവാഹ വേദിയിലെത്തിച്ചു. വിവാഹത്തിനെത്തിയ 15,000-ത്തോളം അതിഥികളെ അമ്പരിപ്പിച്ച വിവാഹ ഘോഷയാത്രയായിരുന്നു അത്. സിംഹത്തെക്കാൾ വരനെ ഏറെക്കുറെ മൂടിയ സ്വർണക്കൂമ്പാരമായിരുന്നു അതിഥികളുടെ മുഖം മഞ്ഞളിപ്പിച്ചത്.

പാക്കിസ്ഥാനിലെ മുൾട്ടാനിലാണ് ഈ വിവാഹ ധൂർത്തിന് വേദിയായത്. മകന്റെ സ്വപ്‌നം സാക്ഷാത്കരിക്കുകയായിരുന്നു താനെന്ന് പിതാവ് പറയുന്നു. സിംഹത്തെ കൂട്ടിലടച്ച് അതിനുമുകളിൽ സ്ഥാപിച്ച പ്രത്യേക ഇരിപ്പിടത്തിലാണ് മുഹമ്മദ് വിവാഹ വേദിയിലേക്ക് വന്നത്.
ഘോഷയാത്രയെ ഗംഭീരമാക്കിയ വരന്റെ സംഘം വഴിനീളെ നോട്ടുകൾ വാരിവിതറി നാട്ടുകാരെയും സന്തോഷിപ്പിച്ചു. ലോറിയിലും തെരുവിലും നിറഞ്ഞ നർത്തകരായിരുന്നു ഘോഷയാത്രയുടെ മറ്റൊരു പ്രത്യേകത.
വരന്റെ കുടുംബത്തോട് പിടിച്ചുനിൽക്കാൻ പറ്റിയില്ലെങ്കിലും വധുവിന്റെ കൂട്ടരും മോശമാക്കിയില്ല. അഞ്ചുകോടി രൂപയ്ക്ക് തുല്യമായ പണമാണ് അവർ സ്ത്രീധനമായി നൽകിയത്. ഈ പണം വിവാഹ വേദിയിൽ പ്രദർശിപ്പിച്ചിരുന്നു. ഒരു ഹോണ്ട കാറും സ്മ്മാനമായി നൽകി. വരന്റെ സഹോദരങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ബൈക്കുകളും കിട്ടി. വരനും കുടുംബത്തിനുമുള്ള എല്ലാത്തരം ഇലക്ട്രിക് ഉപകരണങ്ങളും സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു.
വിവാഹ ധൂർത്തിനെതിരെ ദിവസങ്ങൾക്കുമുന്നെ സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉയർന്നിരുന്നു. സിംഹത്തെ പീഡിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മൃഗസ്‌നേഹികളും പരാതിപ്പെട്ടു. എന്നാൽ, പണത്തിന് മുന്നിൽ ഇതെല്ലാം നിശബ്ദമായി. വിവാഹ ധൂർത്തിനെക്കുറിച്ച് അന്വേഷിക്കാൻ പാക്കിസ്ഥാൻ ആദായ നികുതി വകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. വരന്റെ വീട്ടുകാർക്ക് അവർ നോട്ടീസയച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ ഖനി രാജാവ് ജനാർദ്ദൻ റെഡ്ഡി മകളുടെ വിവാഹത്തിന് 500 കോടി രൂപ ചെലവിട്ടതുമായി താരതമ്യപ്പെടുത്തിയാണ് പാക്കിസ്ഥാൻ മാധ്യമങ്ങൾ ഈ വിവാഹ ധൂർത്ത് ആഘോഷിച്ചത്. കൊല്ലത്തുനടന്ന രവി പിള്ളയുടെ മകളുടെ വിവാഹവും ചില മാധ്യമങ്ങൾ താരതമ്യപ്പെടുത്തി.

SHARE