കർഷക യുവാവിനെ പെരുമ്പാമ്പ് വിഴുങ്ങി;മൃതദേഹം വയർ പിളർന്ന് പുറത്തെടുത്തു.

ജകാർത(www.klive.in): കൃഷിയിടത്തിൽ കാണാതെ പോയ സുഹൃത്തിനുവേണ്ടിയാണ് കർഷകരായ നാട്ടുകാർ തിരച്ചിൽ നടത്തിയത്. ഒടുവിൽ അവർ കണ്ടെത്തിയതോ വീർത്ത വയറുമായി ഇഴയാൻ പോലും കഴിയാതെ കിടക്കുന്ന പെരുമ്പാമ്പിനെ. സംശയം തോന്നി പാമ്പിനെ കൊന്ന് വയറുകീറിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കാണാതെ പോയ സുഹൃത്തിന്റെ മൃതദേഹം പാമ്പിന്റെ വയറിനുള്ളിൽ.
25-കാരനായ അക്‌ബർ സലൂബിറോയ്ക്കാണ് ദാരുണമായ അന്ത്യം നേരിടേണ്ടിവന്നത്. ഇൻഡോനേഷ്യയിലെ സുലവേസിയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് അക്‌ബറിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് പിന്നിൽത്തന്നെയുള്ള കുറ്റിക്കാട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തി.
പാമ്പിന്റെ വയറ്റിൽ അക്‌ബർ ധരിച്ചിരുന്നതിപോലുള്ള ബൂട്ടിന്റെ വ്യക്തമായ അടയാളം മുഴച്ചുനിന്നിരുന്നു. ഇതോടെയാണ് സംശയം ബലപ്പെട്ടതും നാട്ടുകാർ പാമ്പിനെ പിടികൂടി കൊലപ്പെടുത്തിയതും.
കൂറ്റൻ വാൾകൊണ്ട് അതിന്റെ വയറുപിളർക്കുകയായിരുന്നു. വയറുകീറിയതോടെ, അക്‌ബറിന്റെ കാൽ കണ്ടെത്തി. പിന്നീട് മുഴുവൻ ശരീരവും. പാമ്പ് വിഴുങ്ങിയശേഷം ഉടച്ച നിലയിലായിരുന്നു ശരീരം. സംഭവ സമയത്ത് അക്‌ബറിന്റെ ഭാര്യ മാനു സ്ഥലത്തുണ്ടായിരുന്നില്ല. പൈശാചികമായ ദൃശ്യങ്ങൾ കണ്ട് അവർ പിന്നീട് ബോധരഹിതയായി വീണു.
ഇരകളെ പിടികൂടിയാൽ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷമാണ് പെരുമ്പാമ്പ് വിഴുങ്ങുക. അക്‌ബറിനെയും പൂർണമായു വിഴുങ്ങിയ നിലയിലാണ് പാമ്പിനെ കണ്ടെത്തിയതെന്ന് വില്ലേജ് സെക്രട്ടറി സലൂബിറോ ജുനൈദി പറഞ്ഞു.

SHARE