അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കാഞ്ഞങ്ങാട് ഒരുങ്ങി.

കാഞ്ഞങ്ങാട്(www.klive.in): ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ഏപ്രിൽ ഒന്നു മുതൽ 15 വരെ കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി മൈതാനിയിൽ നടത്തുന്ന കെ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ഒരുക്കങ്ങളായി. നാടിന്റെ കായിക മികവിലേക്കുള്ള പ്രോത്സാഹനത്തിനൊപ്പം ടൂർണമെന്റിൽ നിന്നു മിച്ചം വയ്ക്കുന്ന തുക പൂർണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നു സംഘാടകസമിതി ചെയർമാൻ എം.പൊക്ലൻ, ജനറൽ കൺവീനർ പി.കെ.നിഷാന്ത്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്, സംഘാടക സമിതി വൈസ് ചെയർമാൻമാരായ എം.കെ.വിനോദ്കുമാർ, രതീഷ് നെല്ലിക്കാട്ട് എന്നിവർ അറിയിച്ചു.

ഒന്നിന് 7.30നു മന്ത്രി ഇ.ചന്ദ്രശേഖരൻ കെ സെവൻസ് സോക്കർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഇന്ത്യൻ ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും ഗോൾകീപ്പറായ സന്ദീപ് നന്തി മുഖ്യാതിഥിയാകും. ഉദ്ഘാടന മത്സരത്തിൽ സെബാൻ കോട്ടക്കലിനെ എഫ്‌സി ടാസ്‌ക് ചായ്യോത്തിനുവേണ്ടി എവൈസി ഉച്ചാരക്കടവ് നേരിടും.

അരയാൽ ബ്രദേഴ്‌സ് അതിഞ്ഞാലിനുവേണ്ടി മെഡിഗാർഡ് അരിക്കോടും റെഡ്‌സ്റ്റാർ ബങ്കളത്തിനുവേണ്ടി യുണൈറ്റഡ് എഫ്സി തിരുവനന്തപുരവും ബ്രദേഴ്‌സ് ഇല്ല്യാസ്‌നഗർ കാഞ്ഞങ്ങാടിനുവേണ്ടി ജവാഹർ മാവൂരും എഫ്‌സി കാളിക്കാവിനുവേണ്ടി മെട്ടമ്മൽ ബ്രദേഴ്‌സും കാഞ്ഞങ്ങാട് ബ്രദേഴ്‌സിനുവേണ്ടി ടൗൺ ടീം അരിക്കോടും പാർക്കോ അതിയാമ്പൂരിനുവേണ്ടി എഫ്‌സി കൊണ്ടോട്ടിയും ജനശക്തി കാറ്റാടിക്കുവേണ്ടി എഫ്‌സി തൃക്കരിപ്പൂരും ടൗൺ എഫ്‌സി പടന്നക്കുവേണ്ടി ടോപ്പ് മോസ്റ്റ് തലശ്ശേരിയും ഫാസ്‌ക് കുണിയക്കുവേണ്ടി തൃശൂർ ജിംഖാന സോക്കറും കളത്തിലിറങ്ങും.

സോക്കർ ഷൊർണൂർ, അൽ ഫലാഹ് എഫ്‌സി ഹിറ്റാച്ചി തൃക്കരിപ്പൂർ, കാഫ്രി ഷൂട്ടേഴ്‌സ് പടന്ന തുടങ്ങിയ പ്രമുഖ ടീമുകളും വിവിധ ദിവസങ്ങളിലായി കളിക്കും. ഇന്ത്യൻ താരം മുഹമ്മദ് റാഫി, നൈജീരിയൻ കളിക്കാരായ മുഹമ്മദ്, ഡിമരിയോ, അൽബർട്ട്, ഐവറി കോസ്റ്റിന്റെ അബ്ദുല്ല തുടങ്ങിയ ദേശീയ, രാജ്യാന്തര താരങ്ങൾ വിവിധ ടീമുകൾക്കായി ജഴ്‌സി അണിയും. എല്ലാദിവസവും രാത്രി എട്ടിനു മത്സരങ്ങൾ ആരംഭിക്കും.

SHARE