ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം സമനിലയില്‍ കലാശിച്ചു.

റാഞ്ചി(www.klive.in): ആരെയും കൈവിടാതെ റാഞ്ചി കാത്തു. ആദ്യടെസ്റ്റ് മത്സരത്തിന് വേദിയായ റാഞ്ചി സമനില കൈവിട്ട് ആരെയും വേദനിപ്പിച്ചില്ല. അങ്ങനെ ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം സമനിലയില്‍ കലാശിച്ചു. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ഓസീസും ക്ഷമശീലമാക്കിയതോടെ വിജയം എന്ന സ്വപ്‌നം ഇന്ത്യയ്ക്ക് അന്യമായി.

ആറിന് 204 എന്ന നിലയില്‍ ഓസീസ് നില്‍ക്കെ ഇരുക്യാപ്റ്റന്‍മാരും മത്സരം അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ ആദ്യഇന്നിംഗ്‌സില്‍ ഉജ്ജ്വല ഇരട്ട ശതകം സ്വന്തമാക്കിയ പൂജാരയാണ് കളിയിലെ താരം. ഒരു മത്സരം ശേഷിക്കെ പരമ്പര 1-1 എന്ന നിലയിലാണ്. ഇതോടെ അവാസന ടെസ്റ്റ് നിര്‍ണായകമായി. ഈ മാസം 25 ന് ധരംശാലയിലാണ് നാലം ടെസ്റ്റ് ആരംഭിക്കുന്നത്.

സ്കോര്‍: ഓസീസ് 451, ആറിന് 204; ഇന്ത്യ ഒന്‍പതിന് 603 ഡിക്ലയേഡ്

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജഡേജയും കോഹ്‌ലിയും

വിജയം എന്ന ലക്ഷ്യത്തിന് ഓസീസിനെ എത്രയും വേഗം പുറത്താക്കേണ്ടിയിരുന്നു ഇന്ത്യയ്ക്ക്. രണ്ടിന് 23 എന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗ് ആരംഭിച്ച സന്ദര്‍ശകര്‍ക്ക് വളരെ പെട്ടെന്ന് തന്നെ രണ്ട് വിക്കറ്റുകള്‍കൂടി നഷ്ടമായി. വെല്ലുവിളി ഉയര്‍ത്തുമെന്ന് പേടിച്ച റെന്‍ഷാ, സ്മിത്ത് എന്നിവരുടെ പുറത്താകല്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷോണ്‍ മാര്‍ഷും (53) ഹാന്‍ഡ്‌സ്‌കോമ്പും (72*) ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം പൂജാരയും സാഹയും ചെയ്തതിന്റെ തനിയാവര്‍ത്തനമായിരുന്നു ഇരുവരും കാഴ്ചവെച്ചത്.

ഇന്ത്യന്‍ ബൗളര്‍മാരെ ക്ഷമയോടെ നേരിട്ട് ഇരുവരും മത്സരം രക്ഷിച്ചെടുത്തു. 62 ഓവറുകള്‍ ബാറ്റുചെയ്ത സഖ്യം 124 റണ്‍സ് ചേര്‍ത്തു. അവസാന നിമിഷത്തില്‍ രണ്ട് വിക്കറ്റുകള്‍ വീഴത്തിയെങ്കിലും വിജയത്തിലേക്ക് കുതിക്കാന്‍ ഇന്ത്യയ്ക്ക് അത് പര്യാപ്തമായിരുന്നില്ല. സ്‌കോര്‍ 187 ല്‍ നില്‍ക്കെ മാര്‍ഷിനെ ജഡേജ പുറത്താക്കി. ഒരോവറിന് ശേഷം മാക്‌സ്‌വെല്ലിനെ പുറത്താക്കി അശ്വന്‍ ഇന്നിംഗ്‌സിലെ തന്റെ ആദ്യവിക്കറ്റ് സ്വന്തമാക്കി.

ഇന്ത്യയ്ക്ക് വേണ്ടി നാലുവിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ബൗളിംഗില്‍ തിളങ്ങിയത്. മത്സരത്തില്‍ മൊത്തം ഒമ്പത് വിക്കറ്റുകളും പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറിയുമാണ് ജഡേജയുടെ സമ്പാദ്യം.

SHARE