സിങ്കം 3 ഫെയ്‌സ്ബുക്കില്‍ ലൈവായി കാണിച്ച് തമിഴ് റോക്കേഴ്‌സ്

ചെന്നൈ (www.klive.in) : സൂര്യയുടെ പുതിയ ചിത്രം ‘സിങ്കം 3’ ഫെയ്‌സ്ബുക്കില്‍ ലൈവായി എത്തി. റിലീസിന് മുന്‍പ് വെല്ലുവിളിച്ച തമിഴ് റോക്കേഴ്‌സ് തന്നെയാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ ലൈവായി കാണിച്ചിരിക്കുന്നത്. റിലീസ് ദിവസം രാവിലെ 11 മണിക്ക് തന്നെ ചിത്രം ഇന്റര്‍നെറ്റില്‍ എത്തിക്കും എന്നായിരുന്നു തമിഴ്‌റോക്കേഴ്‌സിന്റെ വെല്ലുവിളിയെങ്കിലും രാത്രി വൈകിയാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിന്റെ വ്യാജന്‍ ഫെയ്‌സ്ബുക്കില്‍ എത്തിക്കുമെന്ന് പറഞ്ഞ തമിഴ്‌റോക്കേഴ്‌സിനെ വെല്ലുവിളിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവായ കെഇ ജ്ഞാനവേല്‍ രാജ നേരത്തേ രംഗത്തെത്തിയിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും ജയിലിലേക്ക് കൊണ്ടുപോകുന്നത് ഫെയ്‌സ്ബുക്കില്‍ ലൈവായി കാണിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇത് കൂടാതെ ചിത്രം തിയേറ്ററുകളില്‍ പോയി തന്നെ കണ്ട് പിന്തുണയ്ക്കണമെന്ന ഒരേയൊരു അപേക്ഷ മാത്രമേയുള്ളുവെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് നടന്‍ സൂര്യയും രംഗത്തെത്തിയിരുന്നു. റിലീസ് ചെയ്ത് ഒരു ദിവസം കൊണ്ട് തന്നെ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. എന്നാല്‍ വ്യാജന്‍ നെറ്റില്‍ എത്തിയതോടെ ചിത്രത്തിന്റെ കളക്ഷനെ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

SHARE