പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു.

ദില്ലി (www.klive.in) : പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു. 66 വയസ്സായിരുന്നു. കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. നാടകരംഗത്തുനിന്നും സിനിമാ ലോകത്തെത്തിയ ഓംപുരി വിവിധഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


ഹിന്ദി, ഇംഗ്ലീഷ്, മാറാത്തി, പഞ്ചാബി, കന്നട തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച ഓംപുരി, പാകിസ്താനി, ബ്രിട്ടീഷ്, ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പുരാവൃത്തം, ആടുപുലിയാട്ടം എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. രണ്ടുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ഓംപുരിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

ഹരിയാനയിലുള്ള അംബാലയില്‍ ജനിച്ച ഓം പുരി, ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ഓം പുരി ദില്ലി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചിട്ടുണ്ട്. തുടര്‍ന്ന് കലാരംഗത്തെത്തിയ ഓംപുരി 1976 ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട്‌വല്‍ എന്ന മറാത്തി ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തുന്നത്.

അംരീഷ് പുരി, നസീറുദ്ദീന്‍ ഷാ, ശബാന ആസ്മി, സ്മിത പാട്ടീല്‍ തുടങ്ങിയ താരങ്ങളോടൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളുടെ ഭാഗമായ ഓംപുരി, കച്ചവട സിനിമയിലും സജീവ സാന്നിധ്യമായി നിറഞ്ഞു. സ്വഭാവനടന്‍, ഹാസ്യനടന്‍ തുടങ്ങിയ വേഷങ്ങളിലും അദ്ദേഹം തിളങ്ങി.

1980 ല്‍ പുറത്തിറങ്ങിയ ഭവനി ഭവായ്, 1981 ലെ സദ്ഗതി, 1982 ല്‍ റിലീസ് ചെയ്ത അര്‍ദ് സത്യ, 1986 ല്‍ പുറത്തിറങ്ങിയ മിര്‍ച്ച് മസാല (1986), 1992 ല്‍ റിലീസ് ചെയ്ത ധാരാവി തുടങ്ങിയ ഓംപുരിയുടെ ശ്രദ്ധേയ ചിത്രങ്ങളില്‍ ചിലതാണ്

SHARE