ഔട്ട് ഓഫ് റേഞ്ച്; ലഹരിക്കെതിരെ കാടങ്കോട് ഗവ. ഫിഷറീസ് വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികളുടെ ഹ്രസ്വചിത്രം.

കാടങ്കോട് (www.klive.in) : കാടങ്കോട് ഗവ. ഫിഷറീസ് വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശം പ്രമേയമായുള്ള ഷോര്‍ട്ട് ഫിലിം 'ഔട്ട് ഓഫ് റേഞ്ച്' പ്രകാശനംചെയ്തു. ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പത്രവാര്‍ത്തകളാണ് ഹ്രസ്വചിത്രത്തിന് പ്രമേയമായത്.

പത്തുമിനിട്ട് ദൈർഘ്യമുള്ള ഷോർട്ട്ഫിലിം ഞായറാഴ്ച മുതൽ യു ട്യൂബിൽ ലഭ്യമാകും. വി.എച്ച്.എസ്.ഇ. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ ജുനൈദ്, ദില്‍ഷാദ്, ജംഷീര്‍ എന്നിവരാണ് സിനിമയുടെ നിര്‍മാണത്തിനും രൂപകല്പനയ്ക്കും നേതൃത്വം നല്‍കിയത്. ഇവരുടെ സഹപാഠിയായ അഭിലാഷ് ബാബുവിന്റേതാണ് ചിത്രീകരണം. ചിത്രത്തിന്റെ എഡിറ്റിങ് ജോലിക്ക് നേതൃത്വം നല്‍കിയത് സീനിയര്‍ വിദ്യാര്‍ഥിയായ അഹമ്മദ് കബീറാണ്. സിനിമയുടെ പ്രധാന പിന്നണി പ്രവര്‍ത്തകരെല്ലാം അഭിനേതാക്കളായും പ്രവര്‍ത്തിച്ചു. ഇവരെക്കൂടാതെ റിഫായി, മഷാല്‍, സഞ്ജു എന്നിവരും വേഷമിട്ടു.
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ചെറുവത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടന്നു. ടി.വി.കൃഷ്ണന്‍ സ്വിച്ച് ഓണ്‍ ചെയ്തു. എന്‍.എസ്.എസ്. ക്യാമ്പ് ഉദ്ഘാടനം ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി.കൃഷ്ണകുമാറും ചരിത്രപ്രദര്‍ശനം ഉദ്ഘാടനം പഞ്ചായത്തംഗം കെ.സത്യഭാമയും നിര്‍വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.നാരായണന്‍ അധ്യക്ഷതവഹിച്ചു. വി.വി.ചന്ദ്രന്‍, കെ.പ്രദീപ്, പ്രദീപ് കൊടക്കാട്, പി.വി അനില്‍കുമാര്‍, വി.പവിത്രന്‍, എം.ദാക്ഷായണി, കെ.പദ്മനാഭന്‍, വി.കെ.രാജേഷ്, ഇ.വി.അനൂപ്, ആര്‍.രതീഷ് എന്നിവര്‍ സംസാരിച്ചു.

SHARE