ഈ ശീതളപാനീയങ്ങളിൽ അടങ്ങിയിട്ടുള്ളത് അതീവ ഹാനികരമായ അഞ്ചുതരത്തിലുള്ള ലോഹങ്ങൾ

ന്യൂഡൽഹി (www.klive.in) ; 120 കോടി ജനസംഖ്യയുള്ള ഇന്ത്യക്കാരെ വഞ്ചിക്കുകയാണ് പെപ്‌സിയും കൊക്കക്കോളയും അടക്കമുള്ള ശീതളപാനീയ ബ്രാൻഡുകൾ ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യക്കാരുടെ കിഡ്‌നിയും തലച്ചോറും തകർക്കുന്ന വിധത്തിൽ മാരക വിഷാംശം ഈ ശീതളപാനീയങ്ങളുടെ ചില ബ്രാൻഡുകളിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മറ്റൊരു ആഗോള ബ്രാൻഡായ നെസ്ലേയുടെ മാഗി ന്യൂഡിൽസിൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വസ്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ പെപ്‌സിക്കോയുടെയും കൊക്കക്കോളയുടെയും ഇന്ത്യൻ ഉൽപ്പന്നങ്ങളിൽ മാരക വിഷാംശം കണ്ടെത്തിയത്. കേന്ദ്ര സർക്കാരിന്റെ പരിശോധനാഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.മനുഷ്യാരോഗ്യത്തെ അതീവ ഹാനികരമായ അഞ്ചുതരത്തിലുള്ള ലോഹങ്ങൾ/ വിഷാംശങ്ങൾ ഇതിലുള്ളതായാണു കണ്ടെത്തൽ. സ്‌പ്രൈറ്റ്, പെപ്‌സി, കൊക്കക്കോള, മൗണ്ടൻ ഡ്യു, സെവനപ്പ് തുടങ്ങിയ ശീതളപാനീയങ്ങളിലാണ് വിഷാംശം. ലെഡ്(ഈയം), ക്രോമിയം, കാഡ്മിയം, ഡി.ഇ.എച്ച്.പി, ഫത്താലേറ്റ് എന്നിവയാണ് ഇവയിൽ കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഡ്രഗ് ടെക്‌നിക്കൽ അഡൈ്വസറി ബോർഡിന്റെ നിർദ്ദേശപ്രകാരം കൊൽക്കത്തയിെല ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ അനുവദനീയമായതിലും കൂടുതൽ ഈ മൂലകങ്ങൾ കണ്ടെത്തിയത്.
പരിശോധനാ ഫലം ഡ്രഗ് ടെക്‌നിക്കൽ അഡൈ്വസറി ബോർഡ് ഡയറക്ടർ ജനറൽ ജഗദീഷ് പ്രസാദിനു കൈമാറി. ഇക്കഴിഞ്ഞ ഫെബ്രുവരി,മാർച്ച് മാസങ്ങളിലായിരുന്നു പരിശോധന നടന്നത്. മൗണ്ടൻ ഡ്യൂവും സെവനപ്പും പെപ്‌സികോയുടെയും സ്‌പ്രൈറ്റ് കൊക്കക്കോളയുടെയും ഉൽപ്പന്നങ്ങളാണ്. ഓരോ ബ്രാൻഡ് ശീതളപാനീയത്തിന്റെയും നാലു ബോട്ടിലുകൾ വീതമെടുത്താണ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ലോഹങ്ങൾ അനുവദനീയമായതിലും കൂടുതലുണ്ടെന്ന കണ്ടെത്തിയിരിക്കുന്നത്.ചൂട് കൂടുന്നതിന് അനുസരിച്ച് വിഷാംശവും കൂടും.കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന വിധത്തിൽ ലെഡിന്റെ അളവ്.കേന്ദ്രസർക്കാറിന്റെ പരിശോധനയിൽ കണ്ടെത്തിയ അഞ്ച് ബ്രാൻഡുകളും കു്ട്ടികൾക്ക് ഇഷ്ടപ്പെട്ട പാനീയമാണ്. അതുകൊണ്ട് വിഷാംശത്തിന്റെ അളവ് ആശങ്കപ്പെടുത്തുന്നതും കുട്ടികളെയാണ്. കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന വിധത്തിലാണ് കോളയുടെ പ്രവർത്തനങ്ങൾ. ലെഡിന്റെ അംശം ശരീരത്തിൽ പ്രവേശിക്കുന്നത് കുട്ടികളിൽ മാനസിക പ്രശ്‌നങ്ങൾക്കും കാരണമാകും. കാഡ്മിയം പ്രധാനമായും വൃക്കകളെയാണ് ബാധിക്കുക. പ്ലാസ്റ്റിക് കുപ്പിയിലുള്ള മരുന്നുകളിൽ അപകടമുണ്ടാക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നും നേരത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്തിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടും ഡ്രഗ് ടെക്‌നിക്കൽ അഡൈ്വസറി ബോർഡിനു കൈമാറിയിരുന്നു.

SHARE