കൊഹ്‌ലി സച്ചിനെ പിന്നിലാക്കുമെന്ന് ചാമിന്ദ വാസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ജവഗല്‍ ശ്രീനാഥ് ആരായിരുന്നോ അതേ സ്ഥാനത്തായിരുന്നു മരതക ദ്വീപുകാര്‍ക്ക് ചാമിന്ദ വാസ്. ശ്രീലങ്കയുടെ തീപ്പൊരി ബൌളര്‍‌. അക്കാലത്ത് ക്രിക്കറ്റില്‍ കൊടികുത്തി വാണിരുന്ന പല അതികായരുടേയും പേടിസ്വപ്‍നമായിരുന്നു വാസിന്റെ വെടിയുണ്ടപോലെ കുത്തിയുയര്‍ന്ന് വന്നിരുന്ന പന്തുകള്‍. ഇന്ന് ഇന്ത്യന്‍ നിരയിലെ റണ്‍ മിഷീനാണ് വിരാട് കൊഹ്‍ലി. അനായാസം റണ്‍സ് വാരിക്കൂട്ടുന്നതില്‍ മിടുക്കന്‍. കൊഹ്‍ലിയെ കുറിച്ച് പറയാന്‍ വാസിനും പിശുക്കില്ല. ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് കൊഹ്‍ലിയെന്ന് വാസ് പറയുന്നു. മികച്ച ഫോമിലാണ് വിരാട് കളിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തന്റെ ചെറുപ്പകാലത്ത് കളിച്ചിരുന്ന അതേ സ്ഥിരതയാണ് വിരാടിലും കാണാന്‍ കഴിയുക. ഇന്ത്യക്ക് വേണ്ടി സച്ചിനേക്കാള്‍ റണ്‍സ് നേടാന്‍ വിരാടിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വാസ് പറഞ്ഞു. ഇന്ത്യന്‍ ബോളര്‍മാരില്‍ ഭുവനേശ്വര്‍ കുമാറിലാണ് തന്റെ വിശ്വാസം. ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെ കുറച്ച് സ്വിങ് ബോളര്‍മാരെയെ കണ്ടിട്ടുള്ളു. അവരില്‍ വിശ്വസ്തനാണ് ഭുവി. സ്വിങിനൊപ്പം ലൈനും ലെംഗ്തും നിലനിര്‍ത്താന്‍ ഭുവി കഴിയാറുണ്ടെന്നും വാസ് പറഞ്ഞു.

SHARE