യുണൈറ്റഡിനെ ഗ്രൗണ്ടിന് പുറത്ത് വിരട്ടി വെസ്റ്റ്ഹാം

ലണ്ടൻ(www.livekhd.com): നൂറ്റി ഇരുപത്തിരണ്ട് വർഷം ഹോം ഗ്രൗണ്ടായിരുന്ന ബൊലെയ്ൻ ഗ്രൗണ്ടിലെ വെസ്റ്റ് ഹാം യുണൈറ്റഡിന്റെ അവസാന പ്രീമിയർലീഗ് മത്സരം സംഘർഷത്തിൽ കലാശിച്ചു. എതിരാളികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ടീമംഗങ്ങൾ സഞ്ചരിച്ച ബസിന് നേരെ വെസ്റ്റ് ഹാം ആരാധകർ അഴിച്ചുവിട്ട ആക്രമണമാണ് സംഘർഷത്തിന് വഴിവച്ചത്.

ഹോം ഗ്രൗണ്ട് ഒളിമ്പിക് സ്‌റ്റേഡിയത്തിലേക്ക് മാറ്റുന്ന വെസ്റ്റ് ഹാമിന്റെ കളി കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് ബോലെയ്ന്‍ ഗ്രൗണ്ടില്‍ ഒത്തുകൂടിയത്. മാഞ്ചസ്റ്ററിന്റെ ടീംബസ് വന്നപ്പോള്‍ അക്രമാസക്തരായ ചില ആരാധകര്‍ ബസിന് നേരെ കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു. മാഞ്ചസ്റ്ററിന്റെ കോച്ച് ലൂയി വാന്‍ഗാലിനെയും ആരാധകര്‍ കൈയേറ്റം ചെയ്തു. ആള്‍ക്കൂട്ടത്തെ കഷ്ടപ്പെട്ടാണ് പോലീസ് നിയന്ത്രണവിധേയമാക്കിയത്.

അക്രമണത്തെ തുടര്‍ന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ  അപേക്ഷ കണക്കിലെടുത്ത് 45 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ വെസ്റ്റ് ഹാം മാനേജര്‍ ഡേവിഡ് സള്ളിവന്‍ ശക്തമായ ഭാഷയിലാണ് മാഞ്ചസ്റ്ററിനെ വിമര്‍ശിച്ചത്. അനിഷ്ട സംഭലങ്ങള്‍ ഒഴിവാക്കാന്‍ മാഞ്ചസ്റ്ററിനെ അല്‍പ്പം നേരത്തേ ഗ്രൗണ്ടിൽ എത്താമായിരുന്നെന്ന് സള്ളിവന്‍ അഭിപ്രായപ്പെട്ടു. പോലീസുകാരുടെ മൃദു സമീപനമാണ് കളി തുടങ്ങാന്‍ 45 മിനിറ്റ് വൈകിയതിന് കാരണമെന്നും സള്ളിവന്‍ കൂട്ടിച്ചേര്‍ത്തു. 

തങ്ങള്‍ നേരിടേണ്ടി വന്ന അനുഭവം വളരെ ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് മാഞ്ചസ്റ്റര്‍ താരം വെയിന്‍ റൂണി അഭിപ്രായപ്പെട്ടു. സംഭവത്തില്‍ വെസ്റ്റ് ഹാം ടീമിനും നിരശയുണ്ടാകുമെന്നും റൂണി കൂട്ടിച്ചേര്‍ത്തു. 

''തങ്ങള്‍ക്ക് ഗ്രൗണ്ടില്‍ ലഭിച്ച സ്വീകരണം വളരെ മോശമായിരുന്നു. അക്രമത്തിന്റെ ചിത്രങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാവര്‍ക്കും കൃത്യമായി മനസിലാകും. കളിക്കാരുടെ മാനസികാവസ്ഥയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കും''-സംഭവത്തിനുശേഷം കോച്ച് ലൂയി വാന്‍ഗാൽ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മാഞ്ചസ്റ്റര്‍ ടീമിനെ അക്രമിച്ചവര്‍ക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് വെസ്റ്റ് ഹാം മാനേജ്‌മെന്റും പോലീസും അറിച്ചു.

മത്സരത്തില്‍ വെസ്റ്റ് ഹാം രണ്ടിനെതിരെ മൂന്ന് ഗോളിന് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഈ ജയത്തോടെ വെസ്റ്റ്ഹാം ഏഴാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തെത്തി. അവര്‍ക്ക് 62 ഉം അഞ്ചാം സ്ഥാനത്തുള്ള യുണൈറ്റഡിന് 63 പോയിന്റുമാണുള്ളത്.

SHARE